തിരുവനന്തപുരത്ത് ആക്രമണക്കേസിൽ പ്രതികൾ പിടിയിൽ

നേമം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (36), തിട്ടമംഗലം മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (28), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺ വിജയ് (26) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 24ന് രാത്രി ഒമ്പതിന് പേയാട് ചെറുപാറ അഖിൽ ഭവനിൽ അരുൺ (39) ആണ് ആക്രമണത്തിനിരയായത്. ഇരുമ്പുകമ്പി കൊണ്ടുള്ള ആക്രമണത്തിൽ അരുണിന്റെ കാൽ ഒടിഞ്ഞു.
ക്രിമിനൽ കേസ് പ്രതിയായ അരുൺ മുമ്പ് ശ്രീജിത്തിന്റെ വീട്ടിലെത്തി സ്ത്രീകളെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. അറസ്റ്റിലായ പ്രതികൾക്കെതിരെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.
കാട്ടാക്കട ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.