തിരുവനന്തപുരത്ത് ബാറിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ എസ്ഐയ്ക്ക് മർദ്ദനം ; യുവാവ് പിടിയിൽ

police8

 തിരുവനന്തപുരം : പോത്തൻകോട് ബാറിന് മുന്നിലുണ്ടായ സംഘർഷത്തിനിടെ പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വി. വിപിൻ പിള്ളയെ മർദ്ദിച്ച യുവാവ് അറസ്റ്റിലായി. വെമ്പായം തേക്കട സ്വദേശി ഹർഷദാണ് (25) പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ടതോടെ മറ്റ് പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും ഹർഷദ് മാത്രം അവിടെത്തന്നെ തുടർന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.

tRootC1469263">

മർദ്ദനമേറ്റ എസ്ഐയെ രക്ഷിക്കാൻ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഹർഷദിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. സിറ്റിയിലും റൂറലിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഹർഷദ്. സംഭവത്തിന് ശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും ഇയാൾക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Tags