തിരുവനന്തപുരത്ത് സുഹൃത്തിനെ ഹെൽമറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ടടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കുന്നത്തുകാൽ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻവീട്ടിൽ മണിയനെയാണ് (49) തിരുവനന്തപുരം അഡീ. ജില്ല സെഷൻസ് കോടതി ജഡ്‌ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കഠിനതടവും അനുഭവിക്കണം.
ഇതിനുപുറമെ ഈ കേസിലെ ഒന്നാംസാക്ഷി നന്ദകുമാറിനെ പ്രതി ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചതിന് ഒരുവർഷം കഠിന തടവിനും 5000 രൂപ പിഴക്കും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരുമാസം കഠിനതടവും അനുഭവിക്കണം. ശിക്ഷകൾ എല്ലാം ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും പ്രതി നിലവിൽ ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽനിന്ന് കുറച്ചുകൊടുക്കാനും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
2023 ജൂൺ മൂന്നിന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ശാന്തകുമാറിൻറെ സഹോദരൻ നന്ദകുമാറിനെ മലയിൻകാവ് വർക്ക്ഷോപ്പിന് സമീപം പ്രതി ഹെൽമെറ്റ് കൊണ്ട് മുഖത്തടിച്ചതിനെ ചോദ്യംചെയ്ത ശാന്തകുമാറിനെ അതേ ഹെൽമറ്റുപയോഗിച്ച് മണിയൻ തലക്കടിക്കുകയും ചവിട്ടി റോഡ് വക്കിലെ ഓടയിൽ തള്ളി ഇടുകയുമായിരുന്നു. ശാന്തകുമാറിനെ ആനപ്പാറ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ തിരുവനന്തപുരം കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയവെ ജൂൺ എട്ടിന് ശാന്തകുമാർ മരിക്കുകയായിരുന്നു.
.jpg)

