വിവാഹവീട്ടിൽ യുവാവിനെ കൊന്ന് മോഷ്ടാക്കൾ ; സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ്


ഗോണ്ട: വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണത്തിനും പണത്തിനും വേണ്ടി മോഷ്ടാക്കൾ വീട്ടിൽ കയറിയപ്പോൾ ചെറുത്ത് നിന്ന യുവാവിന് ദാരുണാന്ത്യം . ഏപ്രിൽ 26 ന് നടക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ സഹോദരിയുടെ വിവാഹം അതോടെ മുടങ്ങി. എന്നാൽ ഈ ദുരന്തത്തിൽ ആ കുടുംബത്തിന് താങ്ങും തണലുമായി പോലീസ് എത്തി. ഒടുവിൽ അവരുടെ നേതൃത്വത്തിൽ വിവാഹം നടന്നു.
tRootC1469263">ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ഉദയ് കുമാരി എന്ന യുവതിയുടെ വിവാഹത്തിന് വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മോഷ്ടാക്കൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഇവരെ ചെറുക്കാൻ ശ്രമിച്ച സഹോദരൻ ശിവ്ദിൻ കൊല്ലപ്പെട്ടു. ഇതോടെ വിവാഹവീട് മരണവീടായി മാറി. ഭയന്ന വരന്റെ കുടുംബം വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു.

കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഗോണ്ട പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാളും അദ്ദേഹത്തിന്റെ ഭാര്യ തൻവി വിനീത് ജയ്‌സ്വാളും ഉദയകുമാരിയ്ക്ക് കൈത്താങ്ങായെത്തി. വരന്റെ കുടുംബത്തെ പറഞ്ഞ് മനസ്സിലാക്കുക മാത്രമല്ല വിവാഹത്തിന്റെ ചെലവ് വഹിക്കുകയും ചെയ്തു. വിവാഹത്തിന് പുതിയൊരു തീയതി നിശ്ചയിച്ച ശേഷം എസ്.പി വിനീത് ജയ്സ്വാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വധുവിന് 1,51,000 രൂപയും സ്വർണാഭരണങ്ങളും ആവശ്യമായ വീട്ടുപകരണങ്ങളും സമ്മാനമായി നൽകി. വിവാഹ വേദിയിൽ വരന്റെ കുടുംബത്തെ വരവേൽക്കാനും അവർ മുന്നിൽ നിന്നു.
അതേസമയം, മെയ് 8 ന് ഇൻസ്‌പെക്ടർ അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഉദയകുമാരിയുടെ സഹോദരനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കൊള്ളയടിച്ച സംഘത്തിന്റെ നേതാവായ ഗ്യാൻ ചന്ദിന് ഗുരുതരമായി പരിക്കേറ്റു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അയാൾ മരിച്ചു.
തലയ്ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മോഷ്ടാവാണ് ഗ്യാൻ ചന്ദ്. അനധികൃതമായി നിർമ്മിച്ച തോക്കുകളും വെടിയുണ്ടകളും പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു.