തൃത്താലയിൽ മൂന്നിടത്ത് മോഷണം

തൃത്താല: പരുതൂരിൽ മൂന്ന് കിലോമീറ്റർ പരിധിക്കിടയിൽ മൂന്നിടത്ത് മോഷണം. പരുതൂർ ചിറങ്കര മഹാവിഷ്ണു ക്ഷേത്രം, ഉരുളാൻപടി ഹിദായത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം അർധരാത്രി മോഷണം നടന്നു. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിക്കാനും ശ്രമമുണ്ടായി.
മദ്റസയുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് പ്രവേശിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പാലത്തറ തോട്ടുങ്ങൽ മുഹമ്മദ് നസീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട പുതിയ മോട്ടോര്‍ ബൈക്കും ഇതേ ദിവസം രാത്രി മോഷണം പോയി. നേരത്തെയും പ്രദേശത്ത് ബൈക്ക് മോഷണം പോയിരുന്നു. ഇതിന്റെ തുമ്പൊന്നും ലഭിച്ചിട്ടില്ല.
വൈക്കോല്‍ കത്തിക്കുക, ക്ഷേത്രങ്ങളില്‍ തീയിടുക, സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ശല്യം ചെയ്യുക തുടങ്ങി നിരവധി സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. പ്രതിയുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് ഗൗരവത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.