തൃപ്രയാറില്‍ രണ്ട് കടകളില്‍ മോഷണം; പ്രതി പിടിയില്‍

തൃശൂര്‍: തൃപ്രയാര്‍ പോളി ജങ്ഷനില്‍ രണ്ട് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയയാളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി ബഷീര്‍ ബാബുവാണ് അറസ്റ്റിലായത്. ഫണ്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കൊതി ഹോട്ട് ചിപ്‌സ് എന്നീ കടകളിലാണ് മോഷണം. കഴിഞ്ഞ ദിവസം തൃപ്രയാര്‍ പാലത്തിനു സമീപം കക്കരി കടയില്‍ മോഷണം നടത്തിയതും ഇതേ മോഷ്ടാവാണെന്ന് തെളിഞ്ഞു.
ഇന്നലെ രാവിലെ സൂപ്പര്‍ മാര്‍ക്കറ്റ് തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുറകിലെ ഗ്രില്‍ പൊളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടയിലെ അയ്യായിരം രൂപയും ആയിരം രൂപയുടെ നാണയങ്ങളും അപഹരിച്ചിട്ടുണ്ട്. ചിപ്‌സ് കടയിലെ താഴ് തകര്‍ത്ത് 2000 രൂപയും ജ്യൂസും കവര്‍ന്നു. പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു കവര്‍ച്ച. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ വച്ച് പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി പിടിയിലാവുകയായിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ മിനി സിവില്‍ സ്റ്റേഷനു സമീപം ഇടറോഡ് വരെ പോയി തിരിച്ച് വന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.