ഓൺലൈൻ ടാക്സി സർവീസിന്റെ മറവിൽ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും കയറി മോഷണം നടത്തിവന്ന സംഘം പിടിയിൽ
തൊടുപുഴ: ഓൺലൈൻ ടാക്സി സർവീസിന്റെ മറവിൽ ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും കയറി മോഷണം നടത്തിവന്ന സംഘം പൊലീസിന്റെ പിടിയിലായി. തൊടുപുഴയിലെ ആയിരം വർഷം പഴക്കമുള്ള അമരംകാവ് ഭഗവതി ക്ഷേത്രത്തിൽ ഉൾപ്പെടെ രണ്ട് തവണ അതിക്രമം കാണിച്ച് മോഷണം നടത്തിയ പ്രതികളെയും മോഷണമുതൽ വാങ്ങിയ ആളെയുമാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അസം സ്വദേശിയും പെരുമ്പാവൂരിൽ താമസക്കാരനുമായ അമീർ ഹംസ (26), ഊബർ ടാക്സി ഡ്രൈവറായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഉബൈദ് (38), മോഷണമുതൽ വാങ്ങിയ എറണാകുളം തമ്മനം സ്വദേശി അനസ് (റസാഖ് – 54) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഉൾപ്പെട്ട ബംഗാൾ സ്വദേശി സുമീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പകൽ സമയങ്ങളിൽ ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന വാഹനത്തിൽ കറങ്ങി നടന്ന് ആളൊഴിഞ്ഞ ആരാധനാലയങ്ങൾ ലക്ഷ്യമിടുന്നതാണ് ഇവരുടെ രീതി. ടാക്സി കാറായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ മോഷണങ്ങൾ ആസൂത്രണം ചെയ്തത്. ഇത്തരത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലും കാക്കനാട്ടുള്ള ക്രിസ്തീയ ദേവാലയത്തിലും അടക്കം നിരവധി സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.
തൊടുപുഴ അമരംകാവ് ക്ഷേത്രത്തിൽ ആദ്യം വൈദ്യുതി വിച്ഛേദിച്ച് സി.സി.ടി.വി ക്യാമറകൾ വെട്ടിപ്പൊളിക്കുകയും ഡി.വി.ആർ ഊരിമാറ്റുകയും ചെയ്ത ശേഷം വിഗ്രഹം തള്ളിയിട്ട് കവർച്ച നടത്തുകയായിരുന്നു. പിന്നീട് സെപ്റ്റംബർ മൂന്നിന് ഇതേ ക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നത് അന്വേഷണത്തിൽ നിർണ്ണായകമായി. തുടർന്ന് പൊലീസ് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികൾ സഞ്ചരിച്ച ഓൺലൈൻ ടാക്സി കാർ തിരിച്ചറിഞ്ഞതും അന്വേഷണം ഡ്രൈവറായ ഉബൈദിലേക്ക് നീണ്ടതും.
തുടർന്ന് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതോടെയാണ് വൻ മോഷണ പരമ്പരയുടെ വിവരങ്ങൾ പുറത്തുവന്നത്. എറണാകുളം തമ്മനത്തുള്ള അനസിന്റെ കടയിൽ നിന്നാണ് മോഷ്ടിച്ച മുഴുവൻ സാധനങ്ങളും പൊലീസ് കണ്ടെടുത്തത്. തമ്മനത്തുനിന്ന് ഈ മോഷണമുതലുകൾ വാങ്ങി വീണ്ടും വിൽപ്പന നടത്തിയ പട്ടാമ്പി സ്വദേശിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, ഇൻസ്പെക്ടർ കെ.പി. മനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
.jpg)

