ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം ; ഉത്തർപ്രദേശിലെ ക്ഷേത്രത്തിൽ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി
ഝാൻസി: ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും പൂജാരിയുടെ ഭാര്യയുമായുള്ള തമ്മിൽതല്ലിൽ കലാശിച്ചു. യുപിയിലെ ഝാൻസി ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്ഷേത്രത്തിനുള്ളിൽ ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയിൽ കാണാം. സിറ്റി കോഡ്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് സംഭവം. ബിജെപി മഹിളാ മോർച്ച നോതാവായ കവിത ശർമയാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ.
സംഭവ ദിവസം ക്ഷേത്രത്തിൽ ശിവപുരാണം വായിക്കുകയായിരുന്നു കവിത ശർമ. ഈ സമയമാണ് ക്ഷേത്ര പൂജാരി ബൽവീർ റാവത്തിന്റെ ഭാര്യ പൂനം റാവത്ത് കുടുംബാംഗങ്ങളുമായി അവിടേയ്ക്ക് എത്തിയത്. പിന്നാലെ തന്നെ ചുടുകട്ടയുമായി പൂനം തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് കവിത ആരോപിക്കുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ മമത ചൗരസ്യയാണ് ചുടുകട്ട കൊണ്ടുള്ള ആക്രമണത്തിൽ നിന്നും കവിതയെ രക്ഷിച്ചത്. ഇതേ ചുടുകട്ട ഭണ്ഡാരത്തിലിടിച്ച് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു. സംഘർഷത്തിനിടയിൽ ബക്കറ്റ് ഉപയോഗിച്ചും ആക്രമണം നടന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്. പൂജാരി ബൽവീർ അതിക്രമം തടയാതെ ഇതെല്ലാം മൊബൈലിൽ പകർത്തുകയാണ് ചെയ്തതെന്ന് കവിത ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഭരണം, ആസ്തി, സംഭാവനകൾ എന്നിവയുമായി ബന്ധപ്പെട്ട് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ക്ഷേത്ര ട്രസ്റ്റ് പുതിയ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. ക്ഷേത്രത്തിലെ സംഭാവനകളിൽ പൂജാരിയും കുടുംബവും അവകാശം ഉന്നയിക്കുകയാണെന്ന് കവിത ആരോപിക്കുന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരും സംഭവത്തെ തുടർന്ന് ആശങ്കയിലായി. ഹെൽപ്പ്‌ലൈൻ സേവനത്തിലേക്ക് ലഭിച്ച എമർജൻസി കോളിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൂജാരിക്കും ഭാര്യയ്ക്കുമെതിരെ കവിത ശർമ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
.jpg)

