അധ്യാപകൻ പീഡിപ്പിച്ചെന്ന്​ വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം ; പ്രതിക്ക്​ 18 വർഷം കഠിനതടവ്

jail

 തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചെന്ന്​ 11 വർഷത്തിനുശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക്​ 18 വർഷം കഠിനതടവും പിഴയും​. പ്രതി മെഡിക്കൽ കോളജ് സ്വദേശി സുബാഷ്‌കുമാറിനെ (57)യാണ്​ കഠിനതടവിനും 35,000 രൂപ പിഴയടക്കാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കിൽ മൂന്നരവർഷം കൂടുതൽ തടവ് അനുഭവിക്കണം.

tRootC1469263">

അഞ്ചും ആറും ക്ലാസിൽ പഠിക്കുമ്പോൾ നടന്ന പീഡനം എം.ബി.ബി.എസ് വിദ്യാർഥിനിയായിരിക്കെയാണ് കുട്ടി പുറത്തുപറഞ്ഞത്. 2013ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകനായിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. 2014 ജനുവരി വരെ പലതവണ ഇത് ആവർത്തിച്ചു. തുടർന്ന് കുട്ടി ആറാംക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ നിർത്തി. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ പുറത്തുപറഞ്ഞില്ല.

സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റി. പ്ലസ്ടു പഠനം ഒരുവർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടുനിൽക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും കാണിച്ചു തുടങ്ങി. ഇതുകണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു. പിന്നീട് എം.ബി.ബി.എസ് അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങിയപ്പോൾ പ്രതിയുടെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടപ്പോൾ മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പറഞ്ഞത്. ഡോക്ടറാണ് 2024ൽ പൊലീസിൽ അറിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. സൈബർ സിറ്റി അസി.​ കമീഷണർ പി. നിയാസ്, മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ പി.എൽ. വിഷ്ണു എന്നിവരാണ്​ കേസന്വേഷിച്ചത്.

Tags