കാട്ടാക്കടയിലെ പതിനഞ്ചുകാരനെ കാറിടിച്ചു കൊന്ന കേസ് ; പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: കാട്ടാക്കടയിലെ പതിനഞ്ചുകാരൻ ആദിശേഖറിനെ കാറിടിച്ചു കൊന്ന കേസിൽ പ്രതി പ്രിയരഞ്ജന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു.
വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി. ആദിശേഖറിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ നിരീക്ഷണം ഉണ്ടായിട്ടും ജീവപര്യന്തം ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ശിക്ഷാ വിധി മരവിപ്പിച്ചത്.
പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനായിരുന്ന ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 30നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടർന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജൻ ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടിൽ കളിച്ച് സൈക്കിളിൽ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടർന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ തമിഴ്‌നാട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്.
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖർ. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു.
.jpg)

