മുംബൈയിൽ അമ്മാവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സൂപ്പർ വൈസറെ മരുമകൻ കുത്തിക്കൊലപ്പെടുത്തി


മുംബൈ: അമ്മാവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദേഷ്യത്തിന് സൂപ്പർ വൈസറെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു. മുംബൈ വോർലിയിലെ കാംബ്ലെ നഗറിലെ കൺസ്‍ട്രക്ഷൻ സൈറ്റിൽ പ്രോജക്ട് സൂപ്പർ വൈസറായ മുഹമ്മദ് ഷബീർ അബ്ബാസ് ഖാൻ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളായ സുധാൻഷു കാംബ്ലെ (19), സാഹിൽ മറാത്തി (18), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഒന്നാം പ്രതി സുധാൻഷു കാംബ്ലെയുടെ അമ്മാവനായ വിനോദ് കാംബ്ലെയെ രണ്ട് ദിവസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ശമ്പളം നിഷേധിച്ചതായും പറയപ്പെടുന്നു. ഇതിൽ പ്രകോപിതനായ സഹോദരിയുടെ മകൻ സുധാൻഷു രണ്ട് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഖാനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
പ്രായപൂർത്തിയായ രണ്ട് പ്രതികളെയും സാധാരണ കോടതിയിൽ ഹാജരാക്കുമെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും വോർലി പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര കട്കർ പറഞ്ഞു. ബുധനാഴ്ച വോർലിയിൽ പുലർച്ചെ 12:30 നും 1:00 നും ഇടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
