സെൻ്റിനൽ ദ്വീപിൽ ശീതള പാനീയത്തിൻറെ കാൻ വലിച്ചെറിഞ്ഞു ; അമേരിക്കൻ യൂടൂബർ പിടിയിൽ
Apr 9, 2025, 18:38 IST


ന്യൂഡൽഹി: ഇന്ത്യൻ മഹാ സമുദ്രത്തിലെ ഒറ്റപ്പെട്ട ഗോത്ര ദീപിൽ ശീതള പാനീയത്തിന്റെ കാൻ എറിഞ്ഞ അമേരിക്കൻ യൂടൂബർ പൊലീസ് കസ്റ്റഡിയിൽ. 24 കാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവ് ആണ് അറസ്റ്റിലായത്. ആൻഡമാൻ നിക്കോബാറിലെ പുറമേ നിന്നുള്ളവർക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുള്ള നോർത്ത് സെന്റിനൽ ദ്വീപിലാണ് യുവാവ് ദ്വീപ് നിവാസികളെ ആകർഷിക്കുന്നതിനായി പാനീയത്തിൻറെ കാൻ വലിച്ചെറിഞ്ഞത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞ് മാർച്ച് 31 നാണ് യുവാവിനെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ ആഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പോളിയാക്കോവിനെ ഏപ്രിൽ 17 ന് കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് യുവാവിനുമേൽ ചുമത്തിയിട്ടുള്ളത്. യു.എസ് എംബസിയെ വിവരമറിയിച്ചതായി അധികൃതർ പറഞ്ഞു.