പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു
തിരുവനന്തപുരം: പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ പിതാവ് തല്ലിയൊടിച്ചു. തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരം പോത്തൻകോട്ട് ആണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അയൽവാസിയായ 40-കാരൻ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. അതിനിടെ കുട്ടിയുടെ പിതാവ് അവിടേക്ക് എത്തുകയായിരുന്നു.
സംഭവം നേരിൽ കണ്ട പിതാവ് സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ അടിച്ചു. അടിയേറ്റ് അയൽവാസിയുടെ കാൽ ഒടിഞ്ഞു. എന്നാൽ, മുൻവൈരാഗ്യം മൂലം തന്നെ മർദ്ദിച്ചതാണെന്ന് കാണിച്ച് അയൽവാസി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോത്തൻകോട് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും പൊലീസിന്റെയും കൗൺസിലിംഗിലാണ് കുട്ടി തനിക്കെതിരെ നടന്ന പീഡനശ്രമം വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അയൽവാസിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
.jpg)

