ജാർഖണ്ഡിൽ ബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി


ഭൂമി തർക്കത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ജാർഖണ്ഡിൽ സഹോദരങ്ങൾ ബന്ധുവിനെ അടിച്ചുകൊന്നു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ ഗഡംഡ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതികളിലൊരാൾ പൊലീസിന് മുന്നിൽ കീഴടങ്ങി.
35കാരനായ ഗാംഗു മുണ്ട എന്നയാളാണ് കൊല്ലപ്പെട്ടത്. ഗാംഗുവും മറ്റ് രണ്ട് സഹോദരങ്ങളുമായി ഏറെ നാളായി ഒരു വസ്തുവിനെ ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങളിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗാംഗു കുളിക്കാനായി വീടിന് സമീപത്തെ കുളത്തിൽ പോയപ്പോഴാണ് സഹോദരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.
വാക്കുതർക്കത്തിനിടെ ഇയാളെ രണ്ട് സഹോദരങ്ങൾ മൂർഛയുള്ള ആയുധംകൊണ്ടാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ശേഷം സഹോരങ്ങളിൽ ഒരാളായ ബുധു മുണ്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബന്ധുവിനെ കൊലപ്പെടുത്തിയത് താനാണെന്നും അറസ്റ്റ് രേഖപ്പെടുത്തിക്കോളൂ എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകം നടന്ന സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.മരിച്ചയാളുടെ കഴുത്തിലും നെറ്റിയിലും നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം കൊലപാതക കേസിലെ പ്രതിയായ രണ്ടാമത്തെയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.