പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 31 വർഷം കഠിന തടവ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം കഠിന തടവും 50,000 രൂപ പിഴയും. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടിൽ എം സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ എസ് വരുൺ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. വിക്ടിം കോമ്പൻസേഷൻ പദ്ധതി പ്രകാരം കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയിൽ വെച്ച് ശാരീരികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്. എടവണ്ണ പൊലീസ് ഇൻസ്‌പെക്ടർ ഇ ബാബുവാണ് അന്വേക്ഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 22 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ എൻ മനോജ് ഹാജരായി.
.jpg)

