അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം സംസ്ഥാനം വിട്ട അതിഥി തൊഴിലാളി പിടിയിൽ
കണ്ണൂർ : ഉത്തരാഖണ്ഡ് സ്വദേശി ആസാദ് ആണ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി, മാതാവ് വെള്ളമെടുക്കാൻ വീടിനകത്തേക്ക് പോയ തക്കം നോക്കി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം നൽകിയ പരാതിയിൽ പാനൂർ സിഐ പി സന്തോഷ്, എസ്ഐ വി പി മുഹമ്മദ് സജീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
പരാതി ഉയർന്നയുടൻ പ്രതി നാട് വിട്ടിരുന്നു. പ്രതിയുടെ പേരും ഫോട്ടോയും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുന്നിൽ ഉണ്ടായിരുന്ന ഏക സൂചന. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ ഇയാൾ തലശ്ശേരി റെയിൽവേ സ്റ്റേഷൻ വഴി ട്രെയിൻ മാർഗം രക്ഷപ്പെട്ടതായി വിവരം ലഭിച്ചു.
റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിൽ എസ്ഐ പ്രഷോബ്, സിപിഒമാരായ അൻസീർ, രാജേഷ് എന്നിവരടങ്ങിയ സംഘം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വച്ച് പ്രതിയെ സാഹസികമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത്, തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
.jpg)

