പെൺമക്കളുടെ നിയമനത്തിന് അനധികൃതമായി സഹായിച്ചു ; കർണാടകയിൽ പി.എസ്.സി ചെയർമാന് സസ്പെൻഷൻ
ബംഗളൂരു: രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർമാരായി നിയമിക്കാൻ അനധികൃതമായി സഹായിച്ചുവെന്നാരോപിച്ച് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് കെ.പി.എസ്.സി ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ സസ്‌പെൻഡ് ചെയ്തു. ഭരണഘടനയുടെ 317(1) വകുപ്പ് പ്രകാരം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി സുപ്രീം കോടതിയിലേക്ക് വിഷയം റഫർ ചെയ്യണമെന്ന് ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു.
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ സസ്‌പെൻഷൻ ആവശ്യമാണെന്ന് പറഞ്ഞ ഗവർണർ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗം കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) ചെയർമാന്റെ ചുമതലകൾ നിർവഹിക്കണമെന്നും നിർദ്ദേശിച്ചു.
തന്റെ രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർമാരായി നിയമിക്കാൻ നിയമവിരുദ്ധമായി സൗകര്യമൊരുക്കിയതിന് സാഹുക്കറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതായി ഗവർണറുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.
കെ.പി.എസ്.സി നിയമന പ്രക്രിയയിൽ തന്റെ നേരിട്ടുള്ള ആശ്രിതർ പങ്കെടുത്ത സമയത്ത് സാഹുക്കർ സ്വയം പിന്മാറുകയോ താൽപര്യ വൈരുദ്ധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ, അദ്ദേഹത്തിന്റെ ഒരു മകൾ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയായി പ്രഖ്യാപിച്ചുകൊണ്ട് വരുമാന, ജാതി സർട്ടിഫിക്കറ്റ് നേടിയെന്നും പിതാവ് കെ.പി.എസ്.സി ചെയർമാനായിരുന്നിട്ടും വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് ഒ.ബി.സി സംവരണവും ക്രീമി ലെയർ ഇളവും അവകാശപ്പെട്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.
.jpg)

