കണ്ണൂർ ജില്ലയിലും പുറത്തും സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തി സ്വകാര്യ സ്ഥാപനങ്ങൾ
കണ്ണൂർ : ജില്ലയിലും പുറത്തും സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തി സ്വകാര്യ സ്ഥാപനങ്ങൾ. ഇതിന് സഹായം ചെയ്ത് അധികൃതർ. വിവിധ കോഴ്സുകൾ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളുമാണ് സ്കൂളുകളിലെത്തി വിദ്യാർഥികളുടെ വിവരശേഖരണം നടത്തുന്നത്. കുട്ടികളുടെ വിലാസവും ഫോട്ടോയും ഉൾപ്പെടെ ഇത്തരത്തിൽ ശേഖരിക്കുന്നുണ്ട്. തുടർന്ന് വിവിധ കോഴ്സുകൾ സംബന്ധിച്ച വിവരമടങ്ങിയ കത്ത് കുട്ടികൾക്ക് അയക്കുന്നുണ്ട്. ഒപ്പം ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും കുട്ടികളെയും രക്ഷിതാക്കളെയും ഇവർ സ്വാധീനിക്കുന്നുണ്ട്.
എസ്.എസ്.എൽ.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികളെയാണ് ഏറെയും ഇവർ വലയിലാക്കുന്നത്. വൻ തുക ഫീസ് വാങ്ങി നടത്തുന്ന ഒട്ടേറെ കോഴ്സുകളാണ് പരിചയപ്പെടുത്തുന്നത്. കമ്പ്യൂട്ടർ, നഴ്സിങ്, ഐ.ടി, മറ്റ് വിവിധ ഓൺലൈൻ കോഴ്സുകൾ തുടങ്ങിയവയാണ് ഏറെയും.
സ്കൂൾ മേധാവികളും മറ്റു ചിലരുമായും ധാരണയുണ്ടാക്കിയാണ് സ്വകാര്യ സ്ഥാപന ഏജൻസികൾ വിദ്യാർഥികളുടെ വിവര ശേഖരണം നടത്തുന്നത്. മേലധികാരികൾക്ക് വൻ തുകയും മറ്റ് ഓഫറുകളും നൽകിയാണ് വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ കുറെ നാളുകളായി ഇത്തരം വിവരം ശേഖരിക്കുന്ന ഏജൻസികളിൽനിന്ന് അവ ദുരുപയോഗം ചെയ്യുന്നതായും വ്യാപക പരാതി ഉണ്ടായിരുന്നു. സ്കൂളുകളിൽ ക്ലാസ് മുറികളിൽ കയറി നോട്ടീസ് വിതരണവും സൈന്യത്തിലടക്കം ജോലി വാഗ്ദാനം ചെയ്തുള്ള പ്രത്യേക സെമിനാറുകളും പലയിടത്തും നടത്തുന്നുണ്ട്. പിന്നീട് ഇവർ നൽകുന്ന ഫോണുകളിൽ വിളിച്ച പല കുട്ടികളോടും രക്ഷിതാക്കളോടും രജിസ്ട്രേഷൻ ഫീസും വാങ്ങുന്നുണ്ട്. എന്നാൽ പിന്നീട് വിവരമൊന്നുമുണ്ടായില്ലെന്നതാണ് സ്ഥിതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും പുറത്താകുന്നതെന്ന് തെളിഞ്ഞതോടെ രക്ഷിതാക്കൾ പലയിടത്തും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
.jpg)

