പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. പൊഴുതന ടൗണിന് സമീപത്തെ ആളൊഴിഞ്ഞ നിർമാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് 11.300 കി.ഗ്രാം കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
വീടിന്റെ അടുക്കള ഭാഗത്ത് കഞ്ചാവ് കുഴിച്ചിട്ട നിലയിലായിരുന്നു. ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളിയാണ്. ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപനക്കാരാണ് ഇരുവരും. ജംഷീർ അലിയെ മുമ്പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ കെ.കെ. അബ്ദുൽ അസീസ്, കൃഷ്ണൻകുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ വി.കെ. വൈശാഖ്, അനീഷ്, അജയ് എന്നിവർ പങ്കെടുത്തു.