പൂജപ്പുര സെൻട്രൽ ജയിലിൽ എസ്ഐയെ കുത്തിപ്പരിക്കേൽപിച്ച് ഗുണ്ടാ നേതാവ്
Mar 28, 2025, 19:12 IST


തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേൽപിച്ചു. എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.
കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്ഐ സുധീഷും സംഘവും സ്ഥലത്തെത്തിയത്.
സ്ഥലത്തെത്തിയ എസ്ഐയെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. കയ്യിന് കുത്തേറ്റ എസ് ഐ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അക്രമ ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.