പൊൻകുന്നത്ത് അനധികൃത പുഴമണൽ കടത്തൽ : രണ്ടുപേർ പിടിയിൽ
Nov 18, 2023, 18:15 IST

പൊൻകുന്നം: പമ്പയാറ്റിൽനിന്നും അനധികൃതമായി പുഴമണൽ കടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എരുമേലി എയ്ഞ്ചൽ വാലി തറേമലയിൽ വീട്ടിൽ ടി.എ. സാബു (53), തുലാപ്പള്ളി നാറാണംതോട് കൊല്ലമല വീട്ടിൽ കെ.ആർ. വിനോദ് (43) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കണമല പമ്പയാറ്റിൽനിന്നും അനധികൃതമായി മണൽ മോഷ്ടിച്ച് ടിപ്പർലോറിയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. പൊൻകുന്നം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചിറക്കടവ് ഭാഗത്തുവെച്ച് ഇവരെ മണലുമായി പിടികൂടിയത്.
എസ്.എച്ച്.ഒ ടി.ദിലീഷ്, എസ്.ഐ മാരായ എം.ഡി.അഭിലാഷ്, ഷാജുദീൻ റാവുത്തർ, സി.പി.ഒമാരായ ഷാജി ചാക്കോ, വിനീത് ആർ.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.