മിൽക്ക് ഷേക്കിൽ വിഷം കലർത്തി അച്ഛനെ കൊലപ്പെടുത്തി: പൊലീസുകാരിയായ മകളും ഭർത്താവും പിടിയിൽ
ചന്ദ്രാപൂർ: മഹാരാഷ്ട്രയിൽ പൊലീസുകാരനായ അച്ഛനെ മിൽക്ക് ഷേയ്ക്കിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പൊലീസുകാരിയായ മകളും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ. 2023-ൽ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന ജയന്ത് ബല്ലാവർ (45) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൾ ആര്യ ബല്ലാവർ, ഭർത്താവ് ആഷിഷ് ഷെഡ്മേകെ, ബന്ധുവായ ചൈതന്യ ഗെഡാം തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യയും ആഷിഷും തമ്മിലുള്ള പ്രണയത്തെ പിതാവായ ജയന്ത് ശക്തമായി എതിർത്തിരുന്നു. ഇതാണ് അച്ഛനെ കൊല്ലാൻ മകളെ പ്രേരിപ്പിച്ചത്. 2022 മുതൽ ഇവർ പ്രണയത്തിലായിരുന്നു.
പിതാവിനെ കൊലപ്പെടുത്താനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗെഡാമിന് 5000 രൂപ നൽകി വിഷം സംഘടിപ്പിച്ചു. തുടർന്ന് ജോലിക്ക് പോകാനിറങ്ങിയ ജയന്തിന് വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകുകയായിരുന്നു. ഡ്യൂട്ടിക്കിടെ തലകറങ്ങി വീണ ജയന്ത് മരിക്കുകയായിരുന്നു. അന്ന് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സംസ്കരിച്ചു.
ജയന്തിന്റെ മരണശേഷം ആര്യയും ആഷിഷും വിവാഹിതരായെങ്കിലും ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മോശം പെരുമാറ്റത്തെ തുടർന്ന് ആഷിഷിനെ പൊലീസ് ട്രെയിനിംഗിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഒടുവിൽ ആര്യയുമായുള്ള വൈരാഗ്യത്തെത്തുടർന്ന് ആഷിഷ് തന്നെ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. ആഷിഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യ, ആഷിഷ്, വിഷം എത്തിച്ചുനൽകിയ ചൈതന്യ, നാലാമനായ മറ്റൊരു സഹായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
.jpg)


