കൊച്ചിയിൽ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി സ്പ്രേ അടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കൊച്ചി: ലഹരി പരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി പ്രയോഗം നടത്തി കടന്നുകളഞ്ഞ പ്രതിയെ പിടികൂടി.പാലാരിവട്ടം പല്ലിശ്ശേരി റോഡിലെ മണപ്പുറക്കല്‍ മില്ക്കിസദേത് അഗസ്റ്റിനെയാണ് (34) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം തീയതിയായിരുന്നു സംഭവം.
പരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ പൊലീസ് പ്രതിയുടെ കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രതി അതിനു സമ്മതിക്കുകയും ചെയ്തു. കാറിന്റെ താക്കോല്‍ പൊലീസുകാരെ ഏല്പിച്ചശേഷം കാര്‍ പരിശോധിക്കാൻ പ്രതി തന്നെ ആവശ്യപ്പെട്ടു. ഡോര്‍ തുറക്കുന്നതിനിടെ കാറിനുള്ളില്‍നിന്ന് മുളകുപൊടി സ്പ്രേയെടുത്ത് പൊലീസുകാര്‍ക്ക് നേരെ പ്രയോഗിക്കുകയായിരുന്നു.
കണ്ണില്‍ വീണതിന്റെ നീറ്റലില്‍ നില്ക്കവേ കാറിന്റെ താക്കോല്‍ നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി ഇയാള്‍ കാറുമായി കടന്നുകളഞ്ഞു. കാര്‍ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചശേഷം കാറിലുണ്ടായിരുന്ന കഞ്ചാവ് രണ്ട് മൂന്ന് ദിവസങ്ങളിലായി വിറ്റുതീർത്തു. ഇയാളുടെ ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.