വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റിന് വിൽപന നടത്തിയതായി പരാതി
Mar 8, 2025, 19:23 IST


ലഖ്‌നോ : വ്യാജരേഖ ചമച്ച് ക്ഷേത്രഭൂമി അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റിന് വിൽപന നടത്തിയതായി പരാതി. അയോധ്യയിലെ ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ പരിപാലകന്റെ പരാതിയില്‍ ക്ഷേത്ര പൂജാരി രമാകാന്ത് പഥക്കിനെതിരെ പൊലീസ് കേസ് എടുത്തു. വ്യാജരേഖയുണ്ടാക്കി പ്രദേശത്തെ ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് വില്‍പന നടത്തിയെന്നാണ് പരാതി.
കൈമാറ്റം സാധ്യമല്ലാത്ത പുരാതന ക്ഷേത്ര ഭൂമിയാണ് പുരോഹിതന്‍ വ്യാജരേഖയുണ്ടാക്കി കൈമാറിയത്. ന്യായ് ആനന്ദ് ഭവന്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന രമാകാന്ത് പഥക്കിനെ നേരത്തെ ക്രമക്കേടുകളുടെ പേരില്‍ പുജാരി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. 2016 ല്‍ കോടതി ഇടപെട്ടായിരുന്നു ഈ നടപടി.
എന്നാല്‍ സ്റ്റേ ഉത്തരവ് വാങ്ങി ക്ഷേത്രത്തില്‍ തുടര്‍ന്ന രമാകാന്ത് പഥക് പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ക്ഷേത്ര ഭൂമി സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ആരോപണം.
2024 സെറ്റംബറിൽ ആറു കോടി രൂപക്ക് ഭൂമി ശ്രീ രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന് വിൽക്കുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ കോടതി ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു.