ഡൽഹിയിൽ ഫ്‌ളൈഓവറിൽ ആത്മഹത്യചെയ്യാൻ ശ്രമിച്ചയാളെ രക്ഷപ്പെടുത്തി പൊലീസ്

delhi

ന്യൂഡൽഹി : ഡൽഹി മഹിപാൽപൂർ ഫ്‌ളൈഓവറിൽ ആത്മഹത്യചെയ്യാൻ ശ്രമിച്ചയാളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ അനിൽ ശർമ്മയാണ് യുവാവിനെ മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതെടെ വ്യാപക പ്രശംസയാണ് അനിൽ ശർമ്മയ്ക്ക് ലഭിക്കുന്നത്. യുവാവിനെ രക്ഷിക്കാനായി നടത്തിയ നാടകീയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഡൽഹി പൊലീസിന്റെ ഔദ്യോഗിക എക്‌സിലാണ് പങ്ക് വെച്ചത്.

യുവാവ് ആത്മഹത്യാഭീഷണി മുഴക്കുന്നെന്ന വിവരം ഡൽഹി പൊലീസിന്റെ എമർജൻസി നമ്പറിൽ അറിയിപ്പ് വന്നതിന് പിന്നാലെയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഫ്‌ളൈ ഓവറിന്റെ അരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന നിലയിലായിരുന്നു യുവാവ്. യുവാവിന്റെ അടുത്തെത്തിയ പൊലീസ് ശ്രദ്ധ തിരിക്കാൻ വേണ്ടി ശാന്തമായി സംസാരിക്കുന്നതും ഒരു കുപ്പി വെള്ളം നൽകുന്നതും വീഡിയോയിൽ കാണാം. സംഭാഷണത്തിനിടയിൽ, തീരുമാനം പുനഃപരിശോധിക്കാനും ഇൻസ്‌പെക്ടർ യുവാവിനോട് പറയുന്നുണ്ട്.

തുടർന്ന് എസ്ഐ ശർമ്മ തന്റെ മൊബൈൽ ഫോൺ യുവാവിന് നൽകുകയും, ഒരു കോൾ ഉണ്ടെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. ഫോൺ വാങ്ങാനായി യുവാവ് കൈ നീട്ടിയപ്പോൾ ഒട്ടും സമയം കളയാതെ തന്നെ പിടിച്ച് വലിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു.

'മനുഷ്യത്വവും കടമയും കൈകോർക്കുമ്പോൾ, ജീവൻ രക്ഷിക്കപ്പെടുന്നു. എസ്ഐ അനിൽ ശർമ്മയുടെ പെട്ടെന്നുള്ള വിവേകത്തിനും പ്രവർത്തിക്കും സല്യൂട്ട്', എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. 'ഒരു അപരിചിതനെ സംരക്ഷിക്കാൻ ഈ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ജീവൻ പണയപ്പെടുത്തി, വളരെ പ്രശംസനീയമായ പ്രവർത്തി ചെയ്തു. വകുപ്പ് അദ്ദേഹത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു', എന്ന് തുടങ്ങുന്ന കമ്മന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Tags