സിനിമ തിയറ്ററിൽ ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽ

വൈകീട്ട് ആറിന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ പ്രകോപിതരായി സിനിമ കാണാനെത്തിയ അഞ്ചംഗ സംഘം തിയറ്റർ അസി. മാനേജരെയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു. ഓഫിസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ, ഫർണിച്ചർ, മറ്റു ഉപകരണങ്ങൾ എന്നിവയും തല്ലിത്തകർത്തിരുന്നു.
മുളയങ്കാവ് സ്വദേശികളായ കണ്ണേരി വിജേഷ് (26), ചാത്തംകുളം നൗഫൽ (22), വീട്ടുക്കാട് പ്രശാന്ത് (22), പുത്തൻപുരയിൽ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുളയങ്കാവ് കളത്തിൽ റഷീദ് (36) ഒളിവിലാണ്. ഇയാൾ ഗൾഫിലേക്ക് കടന്നതായാണ് സൂചന.
തൃശൂർ ജില്ലയിലെ മറ്റൊരു കേസിൽ റഷീദ് ജാമ്യത്തിലാണന്ന് പൊലീസ് പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.