കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി

വളാഞ്ചേരി : സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ 24 മണിക്കൂറിനുള്ളിൽ എറണാകുളത്ത് നിന്ന് പിടികൂടി. അസം മുറുഗാവ് സ്വദേശി റബ്ബല് ഇസ് ലാമാണ് (28) വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈക്കത്തൂരിലെ അടച്ചിട്ട വീട്ടിൽ നിന്ന് സാധനങ്ങൾ മോഷണം നടത്തുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
വിലങ്ങഴിച്ചപ്പോൾ ഒരു കൈയിലെ വിലങ്ങുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബസിൽ എറണാകുളത്തേക്ക് രക്ഷപ്പെട്ട പ്രതി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തങ്ങി.
കോതമംഗലം മണിക്കിണറിൽ പ്രതിയുടെ മാതാവ് ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് അടച്ചിട്ട വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണം നടത്തി ലഭിക്കുന്ന പണമുപയോഗിച്ച് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കും.
രണ്ട് മാസം മുമ്പാണ് ഇയാൾ ആതവനാട് അമ്പലപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിൽ കുടുംബത്തോടൊപ്പം താമസം തുടങ്ങിയത്. വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൽ ജലീൽ, സി.പി.ഒമാരായ വിനീത്, ശ്രീജിത്ത്, വിജയാനന്ദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.