പോലീസ് ജീപ്പിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം ; ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു

dead

 ആളൂരിൽ പോലീസ് ജീപ്പിടിച്ച്‌ ഇലക്‌ട്രിക് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു.ആളൂർ ആനത്തടം സ്വദേശി പീണിക്കപറമ്പിൽ ജൂവിൻ രാജു (16) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ച്‌ ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന തയ്യിൽ അനന്തകൃഷ്ണൻ (18) എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ 15-ന് രാവിലെ 11.30-ഓടെ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കദളിച്ചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.

പോട്ട ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവാഹനങ്ങളും കദളിച്ചിറയിൽ വെച്ച്‌ വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് ദുരന്തമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് പിന്നിൽ തൃശൂർ റൂറൽ എസിപിയുടെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഹെൽമെറ്റ് നിർബന്ധമില്ലാത്ത വിഭാഗത്തിൽപ്പെട്ട ഇലക്‌ട്രിക് സ്‌കൂട്ടറിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച്‌ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ജൂവിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags