സുഹൃത്തിനെ ലക്ഷ്യമിട്ട പദ്ധതി ; അഭിരാം കൊലപാതകത്തിൽ പുതിയ വഴിത്തിരിവുമായി പൊലീസ്

murder

 തിരുവനന്തപുരം ശ്രീകാര്യം മേഖലയിലെ 17കാരനായ എം.ഡി. അഭിരാമിന്റെ കൊലപാതകത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പൊലീസ് വെളിപ്പെടുത്തലനുസരിച്ച് കൊലപാതക സംഘത്തിന്റെ യഥാർഥ ലക്ഷ്യം അഭിരാമായിരുന്നില്ല. മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് അഭിരാം ആക്രമിക്കപ്പെട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി കാണാതായ അഭിരാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടാണ് പാങ്ങപ്പാറയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടി, 18കാരി, കാപ്പാ കേസ് പ്രതിയായ ഉമർ മുഖ്താർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അഭിരാമിനെ സ്ഥലത്തെത്തിച്ച് സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെ തുടർന്ന് തർക്കമുണ്ടാവുകയും തുടർന്ന് കൊലപാതകം നടക്കുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags