രാജസ്ഥാനിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 5 ലക്ഷത്തിന്റെ ഫോണുകൾ കവർന്നു

crime

 ഭോപ്പാൽ: സിസിടിവി ക്യാമറകളിൽ നിന്ന് മുഖം മറയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തി കള്ളൻ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലുള്ള കരേഡ ബസ് സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് കവർച്ച നടന്നത്. കടയിൽ നിന്ന് അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന മുപ്പത്തിയഞ്ചിലധികം സ്മാർട്ട് ഫോണുകളാണ് മോഷ്ടാവ് അപഹരിച്ചത്. കരേഡ ബസ് സ്റ്റാൻഡിലെ മതേശ്വരി മൊബൈൽ ഷോപ്പ് എന്ന കടയിലാണ് മോഷണം നടന്നത്.

കടയുടെ മേൽക്കൂരയിലെ പടിക്കെട്ടിലേക്കുള്ള ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കടയിലുണ്ടായിരുന്ന പ്രമുഖ കമ്പനികളുടെ വിലകൂടിയ ഏകദേശം 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകൾ കവർന്നു. പിറ്റേന്ന് രാവിലെ കടയുടമ ലക്ഷ്മൺ സെൻ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസും കടയുടമയും കള്ളൻ തന്റെ മുഖം തിരിച്ചറിയാതിരിക്കാൻ മോദിയുടെ ചിത്രമുള്ള മാസ്‌ക് ധരിച്ചത് കണ്ടത്. അതേ രാത്രിയിൽ തന്നെ ഇതേ സംഘം പട്ടണത്തിലെ മറ്റൊരു മൊബൈൽ ഷോപ്പിലും മോഷണശ്രമം നടത്തിയിരുന്നു. അവിടുത്തെ സിസിടിവി ദൃശ്യങ്ങളിലും ഈ മോദി മാസ്‌ക് ധരിച്ചയാളെ വ്യക്തമായി കാണാം. സംഭവത്തിൽ കരേഡ പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags