പെരുമ്പാവൂരിൽ വാടകവീട്ടിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

crime

 സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 29 തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിലായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ റബ്ബുൽ അമീൻ തന്റെ ഭാര്യാപിതാവിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ തുക നൽകാത്തതിനെച്ചൊല്ലി ദമ്പതിമാർക്കിടയിൽ കടുത്ത തർക്കമുണ്ടായി. തുടർന്നുണ്ടായ ആക്രോശത്തിനൊടുവിലാണ് പ്രതി ക്രൂരത കാട്ടിയത്.

ജോലി ചെയ്യുന്ന പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും കൊണ്ടുവന്ന കട്ടിപ്പൂളുള്ള മരത്തിന്റെ പലക ഉപയോഗിച്ച് റബ്ബുൽ, നർസീനയുടെ തലയ്ക്ക് ശക്തമായി അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ യുവതിയുടെ കഴുത്തിൽ ഇതേ പലക ഉപയോഗിച്ച് ബലമായി അമർത്തി ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയത്. ദമ്പതികളുടെ മൂന്ന് വയസ്സുകാരിയായ മകൾ ഈ സമയം തൊട്ടടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം റബ്ബുൽ അമീൻ സമീപത്തുതന്നെ വാടകയ്ക്ക് താമസിക്കുന്ന സ്വന്തം സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു.

സഹോദരൻ ഉടൻ തന്നെ വാടകവീടിന്റെ ഉടമസ്ഥനെയും തുടർന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അയൽവാസികളും പരിസരവാസികളും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയും പോലീസ് എത്തുന്നത് വരെ പ്രതിയായ റബ്ബുലിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലപ്പെട്ട നർസീനയുടെയും റബ്ബുലിന്റെയും മൂന്ന് വയസ്സുള്ള മകൾ ഇപ്പോൾ റബ്ബുലിന്റെ സഹോദരന്റെ സംരക്ഷണയിലാണ്.

Tags