അർധരാത്രിയിൽ വിവാഹിതയായ കാമുകിയെ കാണാൻ വീട്ടിൽ എത്തിയ യുവാവിനെ തല്ലിക്കൊന്നു
പട്‌ന: അർധരാത്രിയിൽ വിവാഹിതയായ കാമുകിയെ കാണാൻ അവരുടെ വീട്ടിൽ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. 23കാരനായ ബാദൽ സിങ്ങാണ് മരിച്ചത്. ബിഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. കാമുകി കാജൽ കുമാരിയുടെ ബന്ധുക്കൾ യുവാവിനെ പിടികൂടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്‌റ ഗ്രാമത്തിൽ താമസിക്കുന്ന ബാദൽ ഗോപാൽഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജൽ കുമാരി ഭർത്താവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ടൗൺ ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവം നടന്ന സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഫോറൻസിക്ക് വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബാദലിന്റെ മൊബൈൽ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്.
.jpg)

