പത്തനംതിട്ടയിൽ 45 കാരൻ ബന്ധുവിന്റെ മർദ്ദനമേറ്റ് മരിച്ച സംഭവം : പ്രതി പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ 45 കാരൻ ബന്ധുവിന്റെ മർദ്ദനമേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമണ്ണിൽ ആണ് സംഭവം ഉണ്ടായത്. കേസിൽ 27 വയസ്സുകാരൻ പിടിയിലായി. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിൽ ആണ് മരിച്ചത്. അനിലിന്റെ ജേഷ്ഠന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ള സുധീഷ്. വീടുമായി ബന്ധപ്പെട്ട് തർക്കം നടന്നു എന്നും ഇതിനെതുടർന്നാണ് ആക്രണമെന്നുമാണ് വിവരം. അനിലിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധീഷ് മുമ്പ് ക്രിമിനൽ കേസിൽ പ്രതി ആയിരുന്നെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രി 9 മണിക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. സുധീഷിന്റെ പിതാവ് കുളത്തുമണ്ണിൽ ഒരു വീട് വെച്ചിരുന്നു. ഇവിടെ ആരും താമസിക്കുന്നുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലാണ് സുധീഷിന്റെ പിതാവ് ജോലി ചെയ്യുന്നത്. സുധീഷ് ജോലി സംബന്ധമായി കുളത്തുണണ്ണിൽ എത്താറുണ്ടായിരുന്നു. സമാനമായി കൊല്ലപ്പെട്ട അനിലും കുളത്തുമണ്ണിൽ ജോലി സംബന്ധമായി എത്തിയിരുന്നു. ഈ സമയം സുധീഷിന്റെ പിതാവ് നിർമിച്ച വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ ഇത് സുധീഷിന് ഇഷ്ടമായിരുന്നില്ലെന്നാണ് വിവരം. സുധീഷ് തന്റെ ഭാര്യക്കൊപ്പം ഒരു വാടക വീട്ടിലായിരുന്നു താമസം. ഈ വിട് സംബന്ധിച്ച് ഇരുവരും തമ്മിൽ മുമ്പും തർക്കം നടന്നിട്ടുണ്ട്. ഇതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതിയും എത്തിയിരുന്നു.
.jpg)

