പത്തനംതിട്ടയിൽ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കുങ്ഫു പരിശീലകൻ അറസ്റ്റിൽ


പത്തനംതിട്ട: പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കുങ്ഫു അധ്യാപകൻ പിടിയിൽ. പന്തളം ഉളനാട് സജിഭവനം വീട്ടിൽ സാം ജോൺ (45) ആണ് പിടിയിലായത്. ഇലവുംതിട്ട പൊലീസ് വീടിനടുത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വെച്ചായിരുന്നു പീഡനം. രാവിലെ 10-ന് ശേഷം സ്ഥാപനത്തിൽവെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് പ്രതി ഇരയാക്കി. പിന്നീടും ഇത് ആവർത്തിക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും ഇത് തുടർന്നു.
ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ കൗൺസലിങ്ങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരിശീലകനെതിരെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളുണ്ട്.
