പാലക്കാട് റോഡരികില്‍ കത്തിക്കരിഞ്ഞ മൃതദേഹം: അഞ്ചുവര്‍ഷത്തിനുശേഷം തിരിച്ചറിഞ്ഞ് ക്രൈംബ്രാഞ്ച്

DEATH

പാലക്കാട്: തച്ചമ്പാറ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍.
2021 ലാണ് പാലക്കാട്-തച്ചമ്പാറ റോഡരികില്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പോലീസ് രണ്ട് വര്‍ഷത്തോളം വിപുലമായ അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ശാസ്ത്രീയ അന്വേഷണത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇപ്പോള്‍ മൃതദേഹം തിരിച്ചറിയാനായത്. വിദഗ്ധ പരിശോധനയ്ക്കായി അയച്ച ഡി.എന്‍.എ സാമ്പിളുകളില്‍ നിന്നാണ് മൃതദേഹം കൊല്ലം സ്വദേശിയായ ഷാജഹാന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.കൊല്ലപ്പെട്ട ഷാജഹാനുമായി മുന്‍പരിചയമുള്ളവരോ ഇദ്ദേഹത്തിന്റെ അവസാനകാലത്തെ സാഹചര്യങ്ങളെക്കുറിച്ചോ തിരോധാനത്തെക്കുറിച്ചോ അറിവുള്ളവരോ ഉണ്ടെങ്കില്‍ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

പൊതുജനങ്ങളില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ കേസിന്റെ തുടരന്വേഷണത്തിനും പ്രതികളെ കണ്ടെത്തുന്നതിനും ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍(ഒന്ന്), ക്രൈംബ്രാഞ്ച്, പാലക്കാട്. ഫോണ്‍: 9495824357, 0491 2537071, 9497981067,9497901266
 

Tags