പാലക്കാട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

kottayam-crime

 പാലക്കാട്: കോട്ടോപ്പാടത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നായാടിപ്പാറ പള്ളത്ത് ഉന്നതിയിൽ സുകുമാരൻ (45), ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ വഴക്ക് പതിവായിരുന്നുവെങ്കിലും അത് കൊലപാതകത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ജോലിസ്ഥലത്തുനിന്നും ദീപയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുകുമാരൻ, തുടർന്ന് വായ്പ ആവശ്യത്തിനായി ബാങ്കിലും പോയിരുന്നു. വൈകീട്ടോടെ വീട്ടിൽവെച്ച് വീണ്ടും തർക്കമുണ്ടാവുകയും, ഇതിനിടെ സുകുമാരൻ ദീപയെ ചുമരിലേക്ക് തള്ളി കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നു.

സംഭവസമയം ഇവരുടെ 19 വയസ്സുള്ള മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും പിതാവിനെ തടയാൻ കഴിഞ്ഞില്ല. വീട്ടിൽനിന്നുള്ള നിലവിളി കേട്ടെത്തിയ നാട്ടുകാർ ദീപയെ ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപയെ ആക്രമിച്ചതിനുശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ദമ്പതികളുടെ സംസ്കാരം ഐവർമഠം ശ്മശാനത്തിൽ നടന്നു. പ്രദേശവാസികളെ ഒന്നടങ്കം നടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Tags