പാലക്കാട് ദമ്പതികളെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ പ്രതികൾക്ക് അഞ്ചുവര്‍ഷം തടവ്

പാലക്കാട്: വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം കഠിന തടവും ആറുമാസം വീതം വെറും തടവും 53,000 രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ കുത്തനൂര്‍ ചിമ്പുകാട് വാഴക്കോട് മാണിക്കന് (62), മക്കളായ ശ്രീനിഷ് (25), ശ്രീജിത്ത് (28) എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് ജഡ്ജി സി.എം. സീമ ശിക്ഷിച്ചത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കുത്തനൂര്‍ കൊറ്റംകോട് കളം പ്രകാശന്, ഭാര്യ ശാരദ എന്നിവരെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. പ്രതികളുടെ കടയില്‍ ഹാന്‍സും ബ്രാണ്ടിയും വിൽപന നടത്തുന്നുണ്ടെന്ന വിവരം എക്സൈസിനെ അറിയിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. അന്നത്തെ കുഴല്‍മന്ദം എസ്.ഐ എ. അനൂപാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. ജയപ്രകാശ് ഹാജരായി.