പാലക്കാട് പള്ളിയിലെ ഹുണ്ടിക തകർത്ത് മോഷണം

മങ്കര : റെയിൽവേ സ്റ്റേഷന് സമീപത്തെ ജുമാമസ്ജിദിലെ ഹുണ്ടിക തകർത്ത് മോഷണം. പള്ളിക്കകത്തെ ഹുണ്ടികയാണ് മഴുകൊണ്ട് തകർത്ത് മോഷണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഖത്തീബ് നമസ്കരിക്കാൻ നിൽക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തിങ്കളാഴ്ച അർധരാത്രിയായിരിക്കാം മോഷണമെന്ന് സംശയിക്കുന്നു.
ഹുണ്ടികയിലുള്ള 30,000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രാവിലെ അപരിചിതനായ ഒരാളെ പ്രദേശത്ത് കണ്ടവരുണ്ട്. പിന്നീട് ഇയാൾ ഓട്ടോറിക്ഷയിൽ കയറി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മങ്കര സി.ഐ ഹരീഷ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി കാമറ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹുണ്ടിക തകർക്കാനുപയോഗിച്ച ആയുധവും കണ്ടുകിട്ടി.