പാലക്കാട് അഞ്ചാം ക്ലാസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ചു
പാലക്കാട്: വണ്ടിത്താവളത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ചു. ഇന്ന് രാവിലെയാണ് മകളെ അച്ഛൻ വലിയ വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചത്. മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികളാണ് മൊബൈലിൽ പകർത്തിയത്. അടി പേടിച്ച് കുട്ടി നിലവിളിക്കുന്നതും നിലത്തുവീണിട്ടും പ്രതി അടിക്കുന്നത് തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. അയൽവാസികൾ പകർത്തിയ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മീനാക്ഷിപുരം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും അച്ഛനെതിരെ പരാതി നൽകാനോ മൊഴി നൽകാനോ അമ്മയും പെൺകുട്ടിയും തയ്യാറായില്ല. പ്രതി കടുത്ത ലഹരിക്കടിമയാണെന്ന് സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കുടുംബത്തിന്റെ ഭാഗത്തുനിന്നും പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് വിഷയം ഉടനടി ചൈൽഡ് ലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ക്രൂരമായ മർദനത്തെത്തുടർന്ന് മാനസികമായി തളർന്ന കുട്ടിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് നൽകും. ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.
.jpg)

