പാലക്കാട് മാതാവ് മരിച്ച സംഭവത്തില്‍ മകൻ അറസ്റ്റിൽ

google news
arrested

പാലക്കാട്: മാതാവ് മരിച്ച സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. കാടാംങ്കോട് അയ്യപ്പൻകാവിൽ അനൂപ്(25) ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കാടാംങ്കോട് കരിങ്കരപ്പുള്ളി അയ്യപ്പന്‍കാവില്‍ അപ്പുണ്ണി (60), ഭാര്യ യശോദ (56) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ഇതിൽ യശോദയുടെ മരണകാരണം മകന്‍റെ അടിയേറ്റാണെന്ന പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഹൃദ്രോഗ്രിയായിരുന്ന അപ്പുണ്ണി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം കിടന്ന് ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

രോഗ വിവരം അന്വേഷിക്കാനായി ബുധനാഴ്ച 12 മണിയോടെ സമീപവാസിയായ സ്ത്രീ എത്തി. അവർ വീട്ടിലെത്തിയപ്പോൾ അപ്പുണ്ണിക്ക് അനക്കമില്ലെന്ന് ഭാര്യ യശോദയുടെ ശ്രദ്ധയിൽപ്പെടുത്തി.ഈ സമയം വീട്ടിലെത്തിയ മകൻ അച്ഛന് കൃത്യമായ ചികിത്സ നല്‍കാത്തതിനാലാണ് മരിച്ചതെന്ന് ആരോപിച്ച് അമ്മയെ മര്‍ദ്ദിച്ചു.

ഇത് തടയാന്‍ ശ്രമിച്ച അയല്‍വാസിയെയും ഇയാള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് വീണ യശോദയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും മകൻ സമ്മതിച്ചില്ല. പിന്നീട് ഇയാളെ പിടിച്ച് മാറ്റിയാണ് യശോദയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആശുപത്രി എത്തും മുമ്പ് യശോദ മരിച്ചു. കാടാംങ്കോട് കഞ്ചാവ് ചെടി വളര്‍ത്തിയതിനും ബൈക്ക് ഷോറൂമിലേക്ക് കല്ലെറിഞ്ഞതിനും കസ്റ്റഡിയിലെടുത്ത അനൂപിനെതിരെ കേസുണ്ട്. രണ്ട് പേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച ചന്ദ്രനഗർ വൈദ്യുത് ശശ്മാനത്തിൽ സംസ്ക്കരിച്ചു.

Tags