ഓപ്പറേഷൻ തൂഫാൻ ; കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാർ പിടിയിൽ
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടിയായ ഓപ്പറേഷൻ തൂഫാൻ വഴി കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാർ പിടിയിലായി. കാക്കനാട് ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് വർഷങ്ങളായി ലഹരി കച്ചവടം നടത്തിവന്ന കളമശ്ശേരി സ്വദേശി ആസിഫ്, ഇയാളുടെ കൂട്ടാളികൾ എന്നിവരടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് 437 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. ഡൽഹിയിൽ നിന്നും ആഡംബര കാറിലാണ് ഇവർ ഇത്തവണ ലഹരി എത്തിച്ചത്. മുൻപ് വിമാനത്തിലും ട്രെയിനിലും ലഹരി കടത്തിയിരുന്ന ഇവർ, നഗരത്തിലെ ഏതെങ്കിലും വിജനമായ സ്ഥലങ്ങളിൽ ലഹരി ഒളിപ്പിച്ച ശേഷം ആവശ്യക്കാരെ ഫോണിൽ വിവരമറിയിക്കുന്ന പ്രത്യേക രീതിയായിരുന്നു വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്നത്.
ലഹരി വിറ്റ് സമ്പാദിച്ച പണം ഉപയോഗിച്ചാണ് പ്രതികൾ ആഡംബര കാർ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാത്രം വിപണിയിൽ ഏകദേശം 30 ലക്ഷം രൂപയോളം വിലവരും. നിലവിൽ ഈ സംഘത്തിന് ലഹരി കൈമാറിയ അന്തർസംസ്ഥാന ബന്ധങ്ങളുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രധാനമായും ബെംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എംഡിഎംഎ എത്തുന്നതെന്നും ഇതിനെതിരെ ശക്തമായ നീക്കങ്ങൾ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ആദ്യ ദിനത്തിൽ തന്നെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള മയക്കുമരുന്ന് വേട്ടയാണ് നടന്നത്. ഇന്നലെ മാത്രം നടത്തിയ വ്യാപക തിരച്ചിലിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് വാണിജ്യ അളവിൽ വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ ലഹരി കടത്തിന്റെ ഉറവിടം കണ്ടെത്താനായി അയൽ സംസ്ഥാനങ്ങളിലെ പോലീസുമായി ചേർന്ന് അന്തർസംസ്ഥാന തലത്തിൽ സംയുക്ത പരിശോധനകൾ നടത്തുമെന്നും ഡിജിപി അറിയിച്ചു.
.jpg)

