ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം : വൈദികനെതിരെ കേസ്

നാഗർകോവിൽ: ദേവാലയത്തിൽ പ്രാർഥനക്കെത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ വൈദികനെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ (29)ക്കെതിരെയാണ് നടപടി. നിലവിൽ തക്കല പ്ലാങ്കാലവിളയിൽ വൈദികനാണ് ഇദ്ദേഹം. പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.
അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് നഴ്സിങ് വിദ്യാർഥിനി നാഗർകോവിൽ എസ്.പി ഓഫിസിൽ പരാതി നൽകിയത്. വൈദികനെതിരെ വേറെയും പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക പൊലീസ് വിഭാഗത്തെ ചുമതലപ്പെടുത്തി.