ഗോവയിൽ നഴ്‌സിന് നേരെ വധശ്രമം നടത്തിയ അക്രമി പിടിയിൽ

crime

 ഗോവ: വടക്കൻ ഗോവയിലെ തുയെം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം വെച്ച് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നഴ്‌സിന് നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഗൗതം ദേവിദാസ് എന്ന 25കാരനാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. യുവതിയെ പിന്തുടർന്നെത്തിയ ഇയാൾ ആശുപത്രിക്ക് പുറത്തുവെച്ച് തടഞ്ഞുനിർത്തി കത്തികൊണ്ട് ക്രൂരമായി കുത്തുകയായിരുന്നു.

യുവതിയുടെ മുതുകിലും നെഞ്ചിലും കൈയിലും നിരവധി തവണ കുത്തേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് യുവതി നിലത്ത് വീണ ഉടൻ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്നവർ അക്രമിയെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നഴ്‌സിനെ അടിയന്തര ചികിത്സക്കായി ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ അവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഴ്‌സിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം ഒരു ക്രൂരകൃത്യം എന്തിനാണ് ചെയ്തതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. 

Tags