വർക്കലയിൽ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പിടിയിൽ

arrest

 വർക്കല : പാപനാശം ബീച്ചിൽ എത്തിയ വിനോദസഞ്ചാരികളായ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതിനെയാണ് (39) പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. പ്രദേശത്തെ ഒരു സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ വിനീത്.

ബീച്ചിലൂടെ നടന്നുപോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ ഇയാൾ തടഞ്ഞുനിർത്തുകയും തുടർന്ന് അശ്ലീലപ്രദർശനം നടത്തുകയുമായിരുന്നു. ഭയന്നുപോയ യുവതികൾ ഉടൻ തന്നെ വിവരം ടൂറിസം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ തടഞ്ഞുവെച്ച് വർക്കല പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനുമുള്ള വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags