ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കടകംപള്ളി സ്വദേശിയിക്ക് നഷ്ടമായത് കോടി രൂപ
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികൾ തട്ടിയ കേസിലെ സൂത്രധാരൻ പിടിയിൽ. പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) ആണ് അറസ്റ്റിലായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ കേസിലാണ് രമേശ് പിടിയിലായത്. യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപയാണ് തട്ടിയെടുത്തത്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണെന്ന വ്യാജേന സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ കടകംപള്ളി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. വിശ്വാസ്യത വർധിപ്പിക്കാനായി യഥാർഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന് സമാനമായ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു.
തുടർന്ന് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് തിരുവന്തപുരം സിറ്റി പൊലീസ് കമിഷണരുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഗം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വ്യാജ രേഖകൾ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് ന്റെ നിർദ്ദേശപ്രകാരം ഡിസിപി തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം എസിപി ഷാജി എം കെ ഇൻസ്പെക്ടർ ഷെറി എ കെ, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ, അഖിൽ എസ് രവീന്ദ്രൻ, നസീം എന്നിവരാണ് അന്വഷണസംഘത്തിൽ ഉണ്ടായിരുന്നത്.
.jpg)

