കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്
കാസർകോട്: അയൽക്കാർ തമ്മിലുണ്ടായ അതിർത്തി തർക്കം കലാശിച്ചത് കടിയിൽ. അയൽവാസിയായ വെളിച്ചപ്പാടിന്‍റെ കടിയേറ്റ് പരിക്കേറ്റ യുവാവ് കാസർകോട് ചന്തേര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനാണ് (45) വെളിച്ചപ്പാടിന്റെ കടിയേറ്റത്. പ്രകാശനെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
വെളിച്ചപ്പാട് ഓടിച്ച കാർ റോഡിലൂടെ പോകുന്നതിനിടെ മതിലിൽ ഇടിച്ചിരുന്നു. തുടർന്നാണ് അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടയിൽ തർക്കമായത്. ഇതോടെ പ്രകാശനെ ചന്തേര ചെമ്പിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണൻ തോളിൽ കടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. പരിക്ക് സാരമുള്ളതല്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ചന്തേര പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
.jpg)


