പത്തനംതിട്ടയിൽ ലഹരി കലർന്ന ജ്യൂസ് നൽകി യുവതിയെ അയൽവാസി പീഡിപ്പിച്ചു

rape girl

പത്തനംതിട്ട: അടൂരിൽ 28 വയസ്സുകാരിയായ യുവതിയെ അയൽവാസിയായ ഓട്ടോ ഡ്രൈവർ പീഡനത്തിനിരയാക്കിയതായി പരാതി. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പലതവണ പീഡനം  ആവർത്തിച്ചതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി പതിവായി വിളിക്കാറുള്ള അയൽക്കാരന്റെ ഓട്ടോറിക്ഷ സ്വന്തം വീട്ടിലേക്ക് പോകാനായി തിരഞ്ഞെടുക്കുകയായിരുന്നു.  യാത്രയ്ക്കിടയിൽ ലൈസൻസ് എടുക്കാൻ മറന്നുപോയി എന്ന് കള്ളം പറഞ്ഞ് പ്രതി യുവതിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ലഹരി കലർന്ന ജ്യൂസ് നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന്റെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു. ഇത്തരത്തിൽ തുടർച്ചയായി പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ യുവതി ഗത്യന്തരമില്ലാതെ പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ തുറന്നു പറഞ്ഞു.

യുവതി തന്റെ ഭാര്യയോട് കാര്യങ്ങൾ വിശദീകരിച്ചതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം വീണ്ടും ക്രൂരമായി പെരുമാറി. ഒരു ടാങ്കർ ലോറിയിൽ യുവതിയെ നിർബന്ധിച്ച് കയറ്റിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചതായി യുവതി പോലീസിനെ അറിയിച്ചു. ഈ അക്രമ സംഭവത്തിന് ശേഷം ഭയപ്പാടിലായിരുന്ന യുവതി പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

യുവതി ഇപ്പോൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസ് സ്റ്റേഷനിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags