നെടുമങ്ങാട് വിദ്യാർഥികൾക്കുനേരെ പ്രകൃതിവിരുദ്ധ പീഡനം ; മദ്റസ അധ്യാപകർ അറസ്റ്റിൽ

നെടുമങ്ങാട്: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് മദ്റസ അധ്യാപകരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽനിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി സിദ്ദീഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽനിന്ന് തൊളിക്കോട് കരീബ ഓഡിറ്റേറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷമീർ (28), ഉത്തർപ്രദേശ് ഖേരി ജില്ലയിൽ ഗണേഷുപൂർ വില്ലേജിൽ ഖൈരിയിൽ മുഹമ്മദ് റാസാഉൾ ഹഖ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരുവർഷമായി പ്രതികൾ നെടുമങ്ങാട്ട് മദ്റസ നടത്തിവരികയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി സി.ഡബ്ല്യു.സിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ മോൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിരീക്ഷണത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ചാർജുള്ള എസ്.എച്ച്.ഒ സുനിൽ, എസ്.ഐ സുരേഷ് കുമാർ, ഷാജി, എസ്.സി.പി.ഒമാരായ സി. ബിജു, ദീപ, സി.പി.ഒ അജിത്ത് മേഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.