നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; രണ്ടാം പ്രതി അറസ്റ്റിൽ

police8

 തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കൂടെയുണ്ടായിരുന്ന ബന്ധുവിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിലായി. കരിപ്പൂർ വാണ്ട സ്വദേശി രാഹുൽ രാജു (27) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പെൺകുട്ടിയെ രാഹുലും സുഹൃത്ത് ശ്രീജിത്തും ചേർന്ന് ശല്യം ചെയ്യുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ ബന്ധുവിനെ പ്രതികൾ ബലമായി ബാത്റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ വെച്ച് ക്രൂരമായി മർദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ സംഭവത്തിന് പിന്നാലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ രാഹുലിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കരിപ്പൂർ ഭാഗത്ത് വെച്ചാണ് ഇയാൾ വലയിലായത്. അറസ്റ്റിലായ രാഹുൽ നെടുമങ്ങാട് സ്റ്റേഷനിലെ കാപ്പ പ്രതിയാണ്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിലായി മോഷണം, കൂലിത്തല്ല്, വധശ്രമം, ലഹരി മരുന്ന് വിൽപ്പന, പൊലീസിനെ ആക്രമിക്കൽ തുടങ്ങി 18-ഓളം കേസുകളിലെ പ്രതികൂടിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags