മുത്തങ്ങയിൽ 6 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ganja

കർണാടകത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് മാർഗ്ഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ആറ് കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിലായി. പടനിലം മീൻകുഴി പറമ്പിൽ സ്വദേശി മുഹമ്മദ് ഷെഫീഖ് (23) ആണ് വയനാട് സുൽത്താൻ ബത്തേരി പൊലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും വലയിലായത്. ലഹരി മാഫിയക്കെതിരെ കേരള പൊലീസ് ശക്തമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ കർശനമായ വാഹന പരിശോധനയ്ക്കിടയിലാണ് ഈ വൻ ലഹരിവേട്ട നടന്നത്.

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് തടഞ്ഞുനിർത്തി പൊലീസ് പരിശോധിക്കുന്നതിനിടെയാണ് അറസ്റ്റ്. ഉദ്യോഗസ്ഥർ ബസിനുള്ളിലേക്ക് കയറിയപ്പോൾ സീറ്റിലിരുന്ന ഷെഫീഖ് പരുങ്ങുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളുടെ മടിയിൽ വെച്ചിരുന്ന ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ടേപ്പ് ഉപയോഗിച്ച് അതീവ സുരക്ഷിതമായി ഒട്ടിച്ച നിലയിൽ രണ്ട് വലിയ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 5.785 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തിൽ ഷെഫീഖിനൊപ്പം കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരാളെക്കൂടി പിടികൂടാനുണ്ടെന്നും, അയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് സംഘം അറിയിച്ചു.

Tags